എറണാകുളം: തിയറ്ററുകളിൽ വൻ വിജയമായ സുരേഷ് ഗോപി ചിത്രം മേം ഹൂം മൂസ ഒടിടിയിലേക്ക്. ഈ മാസം 11 മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
സീ5 ലാണ് ചിത്രം പ്രദർശിപ്പിക്കുക. സെപ്തംബർ 30നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രതികരണവും കളക്ഷനുമായിരുന്നു ചിത്രം നേടിയിരുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തിയത്. മുൻ പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിച്ചത്.
വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രം ഡൽഹി, ജയ്പൂർ, പൂഞ്ച്, വാഗാ ബോർഡർ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. 75 ഓളം ദിവസങ്ങൾ എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. റഫീഖ് അഹമ്മദാണ് ചിത്രത്തിന്റെ സംഗീതം. സുരേഷ് ഗോപിയ്‌ക്ക് പുറമേ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.















