തിരുവനന്തപുരം: കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ലക്ഷ്യമിട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി. ഇക്കാര്യത്തിൽ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തെളിവുകൾ നശിപ്പിക്കാനാണെന്നും ബിജെപിയുടെ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. മേയറുടെ ഓഫീസിലെ ഹാർഡ് ഡിസ്‌ക് നശിപ്പിക്കപ്പെട്ടതായിട്ടാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വിദ്യാഭ്യാസം നേടിയ യോഗ്യരായ യുവാക്കൾക്ക് സർക്കാർ സർവ്വീസിൽ തൊഴിൽ നേടാനുളള അവസരം നിഷേധിക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണം. കോടതി സ്വമേധയാ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. അഴിമതി സിപിഎം സർക്കാരിന് പുതുമയല്ല. സ്വർണ അഴിമതി, ലോട്ടറി അഴിമതി, മദ്യ അഴിമതി, ലഹരി അഴിമതി അങ്ങനെ സിപിഎം മുഴുവൻ അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് പ്രകാശ് ജാവദേക്കർ പരിഹസിച്ചു.
സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് പ്രാകൃതമായ അക്രമം നടത്തുകയാണ്. രാസവസ്തുക്കൾ കലർത്തിയ ടിയർഗ്യാസും ഗ്രനേഡുകളുമാണ് പ്രയോഗിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടുന്ന രീതി ഇതല്ല. പോലീസിന്റെ നടപടി അപലപിക്കുന്നു. ഇതിന് ഉത്തരവാദികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.
ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലേക്ക് പാർട്ടിക്കാരയവരെ നിയമിക്കാൻ മുൻഗണനാ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. ഇത് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചോർന്നതോടെ മാദ്ധ്യമങ്ങൾ വാർത്തയാക്കുകയായിരുന്നു. മേയർക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും രാജിവെക്കില്ലെന്ന നിലപാടിലാണ് ആര്യ രാജേന്ദ്രൻ.
Comments