കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായിരുന്ന ജമേഷ മുബീൻ ആക്രമണത്തിന് മുന്നോടിയായി നടത്തിയ ഒരുക്കങ്ങളാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ചാവേറാക്രമണത്തിന് തൊട്ടുമുൻപ് കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സർവ്വനാശം വരുത്താനായിരുന്നു ജമേഷ മുബീൻ പ്രതിജ്ഞ എടുത്തിരുന്നത്. ഐഎസ് ചാവേറുകൾ ആക്രമണങ്ങൾക്ക് മുൻപ് എടുക്കുന്ന പ്രതിജ്ഞയാണ് ഇയാൾ ചൊല്ലിയിരുന്നതെന്നാണ് വിവരം.
കോയമ്പത്തൂരിലെ പ്രമുഖ ക്ഷേത്രം തകർക്കുക വഴി ഹിന്ദുക്കളിൽ പരിഭ്രാന്തി പരത്താൻ പദ്ധതിയിട്ടിരുന്നു.ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുന്ന ഹിന്ദു സമൂഹത്തിനെ ഭയപ്പെടുത്തി സാമുദായിക സംഘർഷം നടത്താനും കലാപത്തിലൂടെ സംഘാംഗങ്ങളുടെ നേതൃത്വത്തിൽ ഹിന്ദുക്കളുടെ കൂട്ടക്കൊല നടത്താനുമായിരുന്നു ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നത്. വിഗ്രഹങ്ങൾ തകർത്ത് ഹിന്ദുക്കളുടെ ആരാധന തടയുകയും ഭീകരസംഘത്തിന്റെ പദ്ധതികളിലുൾപ്പെട്ടിരുന്നു. ജമേഷ മുബീന്റെയും സംഘത്തിന്റെയും ഹിറ്റ് ലിസ്റ്റിൽ നിരവധി ഹിന്ദു ആരാധനായലങ്ങളാണ് ഉണ്ടായിരുന്നത്.
ശ്രീലങ്കയിൽ ഈസ്റ്റർ ദിന സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായിരുന്ന സഫ്‌റൻ ഹാഷിമിനെ ജമേഷ മുബീൻ മാതൃകാ പുരുഷനായാണ് കണ്ടിരുന്നത്.ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി നിലവിൽ സൂചനകളില്ല. എന്നാൽ സഫ്റൻ ഹാഷിമുമായി ബന്ധമുള്ളവരുമായി ബന്ധം പുലർത്താൻ ജമേഷ മുബീൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 42 സ്ഥലങ്ങളിലും കേരളത്തിൽ ഒരിടത്തും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, തിരുവള്ളൂർ, തിരുപ്പൂർ, നീലഗിരി, ചെങ്കൽപാട്ട്, കാഞ്ചീപുരം, നാഗപട്ടണം തുടങ്ങി എട്ട് ജില്ലകളിലാണ് തിരച്ചിൽ നടത്തിയത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ഒരു സ്ഥലത്താണ് റെയ്ഡ് നടത്തിയത്.
Comments