മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. രണ്ട് കേസുകളിൽ നിന്നായി 61 കിലോ ഗ്രാം സ്വർണമാണ് ഞായറാഴ്ച മാത്രം കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യാത്രക്കാർ അറസ്റ്റിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
മുംബൈ വിമാനത്താവളത്തിൽ ആദ്യമായാണ് 32 കോടിയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടുന്നത്. ടാൻസാനിയയിൽ നിന്നെത്തിയ നാല് യാത്രക്കാരിലാണ് സ്വർണം കണ്ടെത്തിയത്. ഒരു കിലോ തൂക്കമുള്ള സ്വർണ ബിസ്‌ക്കറ്റുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. നാല് പേരും ഇന്ത്യൻ പൗരന്മാരാണ്.
https://twitter.com/i/status/1591745016225202176
പ്രത്യേക തരത്തിൽ രൂപകൽപന ചെയ്ത, നിരവധി പോക്കറ്റുകൾ അടങ്ങിയ ബെൽറ്റിലായിരുന്നു സ്വർണ ബിസ്‌കറ്റ് സൂക്ഷിച്ചിരുന്നത്. നാലംഗ സംഘത്തെ പരിശോധിച്ചതിൽ നിന്നും 53 കിലോ ഗ്രാം സ്വർണം കണ്ടെടുത്തു. 28.17 കോടി രൂപയുടെ സ്വർണമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.
ടാൻസാനിയയിൽ നിന്ന് പുറപ്പെട്ട ഇവർക്ക് ദോഹ എയർപോർട്ടിൽ നിന്നും ഒരു സുഡാനിയൻ പൗരനാണ് സ്വർണമടങ്ങിയ ബെൽറ്റ് കൈമാറിയത്. തുടർന്ന് ഖത്തർ എയർവെയ്‌സിൽ ദോഹയിൽ നിന്നും മുംബൈയിലെത്തിയതോടെ കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു. യുഎഇ നിർമ്മിത സ്വർണ ബിസ്‌കറ്റാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി. നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് എട്ട് കിലോ ഗ്രാം സ്വർണവുമായി മൂന്ന് യാത്രക്കാർ കൂടി കസ്റ്റംസിന്റെ പിടിയിലായത്. 4.08 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.















