ലക്‌നൗ: ഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമയ്‌ക്ക് നേരെ ആക്രമണം. പ്രതിമ അടിച്ചു തകർത്തു. അസംഗഢ് ജില്ലയിലെ ദേവി റസുൽപുർ ഗ്രാമത്തിലായിരുന്നു സംഭവം.
ഇന്നലെ രാത്രിയാണ് പ്രതിമയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് സ്‌കൂളിൽ സ്ഥാപിച്ചിരുന്ന പ്രതിമയായിരുന്നു തകർത്തത്. രാവിലെ അതുവഴി പോയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അംബേദ്കർ പ്രതിമയുടെ തല അറുത്ത നിലയിൽ ആയിരുന്നു. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പൊതുജനം രംഗത്ത് എത്തി. സ്‌കൂളിന് മുൻപിൽ തടിച്ച് കൂടിയ ജനങ്ങൾ ഇപ്പോഴും അവിടെ പ്രതിഷേധവുമായി തുടരുകയാണ്. പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
Comments