ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ കേസിൽ ആംആദ്മി പാർട്ടി എംഎൽഎയുടെ പേഴ്‌സണൽ അസിസ്റ്റന്റും കൂട്ടാളികളും അറസ്റ്റിൽ. അഖിലേഷ് പതി ത്രിപാഠിയുടെ ബന്ധു ഓം സിംഗ്,എംഎൽഎയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ശിവ് ശങ്കർപാണ്ഡ്യ, ഇവരുടെ സഹായി പ്രിൻസ് രഘുവൻഷി എന്നിവരെയാണ് ഡൽഹി അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പാർട്ടി പ്രവർത്തകന് 33 ലക്ഷം രൂപ കൈമാറാൻ എത്തിയപ്പോഴാണ് മൂവരും പിടിയിലായത്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതിനായി 90 ലക്ഷം രൂപയാണ് അഖിലേഷ് ത്രിപാഠി കൈക്കൂലിയായി ചോദിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 33 ലക്ഷവും ബാക്കി തുക ജയിച്ചതിന് ശേഷവും നൽകുമെന്നതായിരുന്നു വ്യവസ്ഥ. 20 ലക്ഷം രൂപ മറ്റൊരു എംഎൽഎയ്‌ക്കും നൽകിയതായി പരാതിയിൽ പറയുന്നു. പ്രാദേശിക പാർട്ടി പ്രവർത്തകനായ ഗോപാൽ ഖാരിയുടെ പക്കൽ നിന്നുമാണ് കൈക്കൂലി വാങ്ങിയത്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകാമെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഖാരി തോറ്റു. ഇതിനെ തുടർന്ന് നൽകിയ തുക തിരികെ ചോദിച്ചു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ആയിരുന്നു ഇവരുടെ വാഗ്ദാനം. തുടർന്നാണ് ഇയാൾ പോലീസിൽ പരാതിപ്പെട്ടത്. പണവുമായി തിരികെ പോകും വഴിയാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments