ഡെറാഡൂൺ : മദ്രസകളിൽ യൂണിഫോം നിർബന്ധമാക്കി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. അടുത്ത അദ്ധ്യയന വർഷം മുതൽ മദ്രസയിൽ സമയക്രമീകരണം നടത്താനും തീരുമാനമായി. സാധാരണ സ്‌കൂളുകളിലേത് പോലെ രാവിലെ എട്ട് മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെ മദ്രസ പ്രവർത്തിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മദ്രസകളിലും സർവേ നടത്താൻ സംസ്ഥാന സർക്കാർ ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളുടെ പ്രവർത്തനങ്ങൡ പുതിയ മാറ്റങ്ങൾ വരുത്തിയത്.
അടുത്ത മാർച്ച് മാസം മുതൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കും. ദിവസവും അഞ്ച് നേരം ഇവിടെ നിസ്‌കാരം നടക്കും. രാവിലത്തെ നിസ്‌കാരത്തിന് ശേഷം ഒരു മണിക്കൂർ ഖുർആൻ പഠനമുണ്ടാകും. എട്ട് മണി മുതൽ രണ്ട് മണിവരെ മദ്രസകൾ സാധാരണ സ്‌കൂളുകൾ പോലെ പ്രവർത്തിക്കും.
മറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെപ്പോലെ തന്നെ ഇവിടെയും യൂണിഫോം നിർബന്ധമാക്കും. ഇത്രയും നാൾ മദ്രസകൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായിരുന്നു. എന്നാലിനി എല്ലാ സമുദായത്തിൽ നിന്നുള്ളവരെയും മദ്രസയിൽ ഉൾപ്പെടുത്തുമെന്നും ഷംസ് പറഞ്ഞു.
ഡ്രസ് കോഡ് എന്തായിരിക്കുമെന്ന് വഖഫ് ബോർഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ഉത്തരാഖണ്ഡ് ബോർഡ് സ്‌കൂളുകളിലെ യൂണിഫോമിന് സമാനമായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസകളിൽ എൻസിഇആർടി സിലബസ് നടപ്പിലാക്കാൻ പോകുന്നുവെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബിജെപി വക്താവ് കൂടിയായ ഷംസ് പറഞ്ഞു.
ഏഴ് മദ്രസകളെ മാതൃകാ മദ്രസകളാക്കി വികസിപ്പിക്കുമെന്ന് ബോർഡ് മീറ്റിംഗിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിൽ രണ്ട് മദ്രസകൾ വീതവും നൈനിറ്റാളിൽ ഒന്നുമായിരിക്കും ഇത്തരത്തിൽ പ്രവർത്തിക്കുക. ഈ മാതൃകാ മദ്രസകളിലൂടെ എങ്ങനെ ഒരു മദ്രസ നടത്തണം എന്ന് നാം കാണിച്ചുകൊടുക്കും. ഇസ്ലാമിക് സ്റ്റഡീസ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ മദ്രസയിൽ റസിഡൻഷ്യൽ വിദ്യാർത്ഥികളായി തുടരുമെന്നും മറ്റുള്ളവർക്ക് ഡേ സ്‌കോളർമാരായി ചേരാമെന്നും ഷംസ് പറഞ്ഞു. അതേസമയം എൻസിഇആർടി സിലബസും ഡ്രസ് കോഡും സംസ്ഥാനത്തെ 103 മദ്രസകളിൽ ഉണ്ടാകും.















