ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. സർവ്വ പാപഹരം ഏകാദശീ വ്രതം എന്നാണ് പ്രമാണം. മനസ്സറിഞ്ഞ് പൂർണ ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുമെന്നും വിശ്വാസമുണ്ട്. ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ രോഗദുരിത ശാന്തി, കുടുംബൈശ്വര്യം, സമ്പൽ സമൃദ്ധി, മനഃശാന്തി എന്നിവയാണ് ഫലം. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നും കരുതപ്പെടുന്നു. അതിനാൽ ഈ ദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് സുകൃതമായാണ് വിശ്വാസികൾ കാണുന്നത്.
ഹരിവാസരസമയം, ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഇത്. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും, അതായത് 12 മണിക്കൂർ സമയം.വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമമാണ് .അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നും വിശ്വാസമുണ്ട്.
ദശമി ദിവസം അതായത് തലേ ദിവസം ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അർച്ചന നടത്തുകയും ചെയ്യുക.
ഏകാദശി ദിവസം പകലുറക്കം നിർബന്ധമായും ഒഴിവാക്കണം . അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും മനസിൽ ഇടം നൽകരുത്.തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക.ഇത്തവണ ഗുരുവായൂർ ക്ഷേത്രത്തിൽ 2022 ഡിസംബർ 3നും 4നും ഏകാദശി ആഘോഷിക്കാനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഡിസംബർ 4 നാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് .
ഭൂരിപക്ഷ ഏകാദശിയും ആനന്ദപക്ഷ ഏകാദശിയും എന്നിങ്ങനെ ഏകാദശി രണ്ടു തരത്തിലുണ്ട്. 2022 ഡിസംബർ 3 ശനിയാഴ്ച വരുന്നത് അരുണോദയത്തിന് ശേഷം ദശമി ബന്ധമുള്ള ഭൂരിപക്ഷ ഏകാദശിയാണ്. അരുണോദയത്തിനു ശേഷം ദശമിബന്ധമില്ലാത്ത ഏകാദശി വരുന്നത് ഡിസംബർ 4 ഞായറാഴ്ചയാണ്. അതുകൊണ്ടാണ് ഏകാദശിവ്രതം അനുഷ്ഠിക്കേണ്ടത് ആനന്ദപക്ഷ ഏകാദശി വരുന്ന ഡിസംബർ 4 നാണെന്ന് പറയപ്പെടുന്നത്.
Comments