കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ആരാധകരേറെയാണ്. വളരെ പെട്ടന്നു തന്നെ തെന്നിന്ത്യന്‍ നടിമാരിൽ മുൻ നിരയിലെത്തിയ നായിക കൂടിയാണ് ശ്രുതി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സംഗീതം കൊണ്ടും ഭാഷകളുടെ അതിർ വരമ്പുകൾക്കപ്പുറം ആരാധകരെ സ്വന്തമാക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു. എന്നാൽ പലപ്പോഴും ശ്രുതിഹാസന്റെ മൂക്കിനെയും ചുണ്ടിനെയും പരിഹസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ സജീവമാണ്. താരം പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന പേരിലാണ് പരിഹാസം. ഇതിനിടെ ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ് നടി ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങൾ.
നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന തന്റെ സെൽഫി ചിത്രങ്ങളാണ് ശ്രുതി ഹാസൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. താൻ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസൻ പറയുന്നു. ‘മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ഈ ലോകത്ത്… ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം… ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പലരും താരത്തിന്റെ ആരോഗ്യത്തിലുള്ള ആശങ്ക പങ്കുവെച്ചു. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ല, കാര്യങ്ങൾ പഴയതുപോലെ ആയെന്നും ശ്രുതി തന്റെ ആരാധികയ്ക്ക് മറുപടി നൽകി. അതേസമയം, പ്രഭാസ് നായകനാകുന്ന സലാറാണ് ശ്രുതി ഹാസന്റെ ഏറ്റവും പുതിയ സിനിമ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു.
Comments