കൊച്ചി: ഏറെക്കാലം ആഗ്രഹിച്ച് വാങ്ങിയ തന്റെ മോഷണം പോയ പ്രിയപ്പെട്ട സൈക്കിൾ തേടി വിദ്യാർത്ഥിയുടെ കുറിപ്പ്. കൊച്ചി സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് പുറകെ സൂക്ഷിച്ച സൈക്കിളാണ് മോഷണം പോയത്. തേവര എസ്എച്ച് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പവേൽ സ്മിത് ആണ് തന്റെ സൈക്കിൾ തേടി അലഞ്ഞ് ഒടുവിൽ പരസ്യം പതിച്ചത്.
കഴിഞ്ഞ് മാസം 22 ന് വൈകീട്ടാണ് 25,000 രൂപ വിലവരുന്ന ഗിയർ സെെക്കിൾ മോഷണം പോയത്. പോലീസിൽ പരാതി നൽകിയെങ്കിലും ഇത് വരെ സൈക്കിൾ കണ്ടെത്താനായിട്ടില്ല. എല്ലാ വഴിയും അടഞ്ഞെന്ന് തോന്നിയപ്പോഴാണ് സൈക്കിൾ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിൾ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ട് ഒരു നോട്ടീസ് പതിപ്പിച്ചത്.
ഞാൻ പവേൽ സമിത് തേവര എസ് എച്ച് സ്‌കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്‌കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു- പവേൽ സമിത് 9037060798”. എന്നാണ് നോട്ടീസ്. രാവിലെ നടക്കാനിറങ്ങിയ സ്ട്രീം വെർട്ടിക്കലിന്റെ സിഇഒ രാജഗോപാൽ കൃഷ്ണൻ ഫേസ്ബുക്കിൽ ഈ നോട്ടീസിന്റെ ചിത്രം ഇട്ടതോടെയാണ് സെെക്കിൾ തേടിയുള്ള വിദ്യാർത്ഥിയുടെ അന്വേഷണം വൈറലായത്.















