ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറിയ ദളിത് യുവാവ്, ജനിച്ച സമുദായത്തിന്റെ അടിസ്ഥാനത്തിൽ സംവരണ ആനുകൂല്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജിആർ സ്വാമിനാഥന്റെ ഈ നിർണ്ണായക നിരീക്ഷണം.
മറ്റൊരു മതത്തിലേക്ക് മാറിയ ഒരാൾക്ക് സാമുദായിക സംവരണത്തിന്റെ ആനുകൂല്യം നൽകാനാകുമോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയല്ലെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.
ഏതെങ്കിലും ജാതിയിലോ ഉപജാതിയിലോ പെട്ടവർ ഇസ്ലാം മതം സ്വീകരിച്ചാൽ അയാളുടെ ജാതി ഇല്ലാതാകുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പത്തെ നിരീക്ഷണവും കോടതി പരിശോധിച്ചു. മതപരിവർത്തനത്തിന് ശേഷം മുസ്ലീം മതത്തിൽ സ്ഥാനം നിർണ്ണയിക്കുന്നത് മതം മാറുന്നതിന് മുമ്പ് ഏത് ജാതിയിൽ ആയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ജസ്റ്റിസ് ഉദ്ധരിച്ചു. ഒരു വ്യക്തി തന്റെ മതത്തിലേക്ക് തിരികെ മടങ്ങിയെത്തിയാൽ, ജാതി സ്വത്വവും തിരികെ വരുമെന്നും അയാൾക്ക് അത് ഉപയോഗിക്കാമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.
ഹർജിക്കാരൻ 2008ൽ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പേരുമാറ്റി ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. 2018 ൽ, ഇയാൾ തമിഴ്‌നാട് കമ്പൈൻഡ് സിവിൽ സർവീസസ് പരീക്ഷ എഴുതിയെങ്കിലും മെറിറ്റ് ലിസ്റ്റിൽ ഇടം നേടാനായില്ല. ടിഎൻ പബ്ലിക് സർവീസ് കമ്മീഷൻ ‘ജനറൽ’ വിഭാഗത്തിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയിലെത്തിയത്.
മതപരിവർത്തനത്തിന് മുമ്പ് ഹിന്ദു മതത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ട ആളായിരുന്നതിനാലും സംസ്ഥാനത്ത് മുസ്ലീങ്ങളെ പിന്നോക്ക വിഭാഗമായി പരിഗണിക്കുന്നതിനാലും തന്നെ പിന്നോക്ക വിഭാഗത്തിൽ പെട്ടയാളായി കണക്കാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ 2010, 2012, 2017, 2019 വർഷങ്ങളിലെ കത്തുകൾ പരിശോധിച്ച് മറ്റ് മതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഉദ്യോഗാർത്ഥികളെ Other Category’ യായി മാത്രമേ പരിഗണിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.















