സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ബാബ’ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം ചിത്രം പുറത്തിറക്കുമെന്ന വാർത്ത രജനി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. സിനിമയുടെ റീമാസ്റ്ററിംഗുമായി ബന്ധപ്പെട്ട് സംവിധായകൻ സുരേഷ് കൃഷ്ണ രജനികാന്തിനെ സന്ദർശിച്ച് അനുവാദവും വാങ്ങിയിരുന്നു. ഇപ്പോൾ റീമാസ്റ്ററിംഗ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു കാലത്ത് തിയറ്ററുകൾ ഇളക്കി മറിച്ച രജനി സ്റ്റൈൽ വീണ്ടും കാണാൻ കഴിയും എന്ന സന്തോഷത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.
2002-ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സിനിമയാണ് ‘ബാബ’. പടയപ്പ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെയാണ് വൻ മുതൽ മുടുക്കിൽ ബാബ റിലീസ് ചെയ്തത്. ലോട്ടസ് ഇന്റർനാഷണലിന്റെ ബാനറിൽ രജനീകാന്ത് തന്നെയായിരുന്നു സിനിമ നിർമ്മിച്ചത്. എന്നാൽ തിയറ്ററിൽ വേണ്ടത്ര വിജയം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചില്ല. പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസിൽ മുന്നേറാൻ സിനിമയ്ക്ക് സാധിക്കാതെ വന്നതോടെ വിതരണക്കാർക്ക് ബാബ വൻ നഷ്ടമുണ്ടാക്കി. എന്നാൽ നിർമ്മാതാവ് എന്ന നിലയിൽ വിതരണക്കാരുടെ നഷ്ടം നികത്താൻ സൂപ്പർസ്റ്റാർ തന്നെ രംഗത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു.
2002 ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഹിമാലയത്തിലെ മഹാനായ സന്യാസിയുടെ പുനർജന്മമായ ഒരു യുവാവിന്റെ കഥയാണ് ബാബ. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെയും ദുഷ്ടന്മാർക്കെതിരെയും ഒരു യുവാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു. രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് വി.ടി വിജയൻ, സംഗീതം എ.ആർ റഹ്മാൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
Comments