ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമാണെന്ന് ആവർത്തിച്ച് സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്നും സത്യവാങ്മൂലം തേടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഈ മാസം 12 ന് വീണ്ടും പരിഗണിക്കും. അതിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദ്ദേശം.
കഴിഞ്ഞ മാസമാണ് നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അശ്വിനി കുമാർ ഉപാദ്ധ്യായ സുപ്രീംകോടതിയിൽ ഹർജിയിൽ നൽകിയത്. ഹർജി ഗൗരവമുളളതാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു. ഇതിന് പുറമേ നിർബന്ധിത മതപരിവർത്തനം തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അറിയിക്കാനും കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചിരുന്നു.
ഇത് പ്രകാരം കഴിഞ്ഞ മാസം അവസാനം നൽകിയ സത്യവാങ്മൂലത്തിൽ നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Comments