ഗ്വാളിയാർ: ഇന്ത്യൻ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട കോഴിമുട്ടകൾ മോഷണം പോയി. 4,000 മുട്ടകളാണ് മോഷ്ടിക്കപ്പെട്ടത്. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള എയർഫോഴ്സ് മെസ്സിലേക്ക് വിതരണം ചെയ്ത മുട്ടകളുമായി ഓട്ടോ ഡ്രൈവറാണ് കടന്നുകളഞ്ഞത്.
മെസ്സിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥലത്ത് നിന്നും കോഴിമുട്ടകൾ ഓട്ടോയിൽ കയറ്റുകയും ഡ്രൈവർ ഉടൻ സ്ഥലം വിടുകയുമായിരുന്നു. തുടർന്ന് എയർഫോഴ്സ് മെസ്സിലേക്ക് വിതരണക്കാരൻ വിളിച്ചു ചോദിച്ചപ്പോൾ മുട്ടകളുമായി ഓട്ടോ എത്തിയിട്ടില്ലെന്ന് മെസ്സ് ജീവനക്കാർ അറിയിച്ചു. ഇതോടെയാണ് മുട്ടകൾ നഷ്ടപ്പെട്ടുവെന്ന കാര്യം വ്യക്തമായത്.
ഇതോടെ വിതരണക്കാരൻ മോറാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവമുണ്ടായത്. 4,000 കോഴിമുട്ടകളുമായി മുങ്ങിയ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
Comments