റാഞ്ചി: അവഞ്ചേഴ്‌സ് ആരാധകർക്ക് സുപരിചിതനാണ് ഹൾക്ക്. ഇപ്പോഴിതാ ഝാർഖണ്ഡിലെ 16-കാരന്റെ കൈകളെ ഹൾക്കിനോടാണ് സാദൃശ്യപ്പെടുത്തുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന മുഹമ്മദ് കാലീം എന്ന വിദ്യാർത്ഥിക്ക് ”ഹൾക്ക് ഹാൻഡ്‌സ്” ആണെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നു.
യഥാർത്ഥത്തിൽ കാലീമിന് അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണുള്ളത്. അതുകൊണ്ടാണ് ഹൾക്കിനെ പോലെ വലിയ കൈകൾ ഈ 16-കാരനുണ്ടായത്. എട്ട് കിലോഗ്രാമാണ് ഒരു കൈയ്യിന്റെ മാത്രം തൂക്കം. രണ്ടടി നീളവും കൈകൾക്കുണ്ട്. ഝാർഖണ്ഡിലെ ബൊക്കാരോ സ്റ്റീർ സിറ്റി എന്ന ഗ്രാമത്തിലാണ് കാലീം കഴിയുന്നത്. മാക്രോഡാക്റ്റിലി എന്ന രോഗാവസ്ഥയിലൂടെയാണ് 16-കാരൻ കടന്നുപോകുന്നതെന്ന് ഡോക്ടമാർ പറയുന്നു.
ലോകത്താകെ 300 പേരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗമാണിത്. ശരീരത്തിലെ പ്രത്യേക ചില ഭാഗങ്ങളെ മാത്രം ഭീമാകാരമാക്കുന്നതാണ് രോഗം. നേരത്തെ സ്‌കൂളിൽ പോലും കാലിമിന് പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികൾ കണ്ട് പേടിക്കുന്നതിനാൽ സ്‌കൂൾ അധികൃതർ അഡ്മിഷൻ നിഷേധിക്കുകയായിരുന്നു.
പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ശസ്ത്രക്രിയ നടത്തിയതും കാലിമിന് വിനയായി ഭവിക്കുകയാണ് ചെയ്തത്. കൈയ്യുടെ നീളവും വീതിയും കുറയ്‌ക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും ലഭിച്ചത് വിപരീത ഫലമായിരുന്നു. കൈകൾ വീണ്ടും വളരുകയും ഭാരം കൂടുകയും ചെയ്തു.
നിലവിൽ വീട്ടുകാരുടെ സഹായത്തോടെയാണ് കാലീം ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത്. വലിയ വിരലുകളും കൈകളുമായതിനാൽ സ്വന്തം കാര്യങ്ങൾ ചെയ്യാൻ 16-കാരന് പിന്തുണ ആവശ്യമാണ്. എങ്കിലും കൈയ്യിന്റെ അസാധാരണമായ വലിപ്പം കാരണം സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ 16-കാരൻ.
Comments