പാലക്കാട്: മുസ്ലീങ്ങളുടെ വിവാഹബന്ധ വേർപിരിയലിൽ കേന്ദ്രസർക്കാർ ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടി ക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, മുസ്ലീമിന്റേതായാൽ അത് ക്രിമിനലായി വേണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിസാൻ സഭ 35-ാം ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറി. പൊതുമേഖലയെ വിറ്റു തുലയ്ക്കാൻ കോൺഗ്രസാണ് തുടക്കം കുറിച്ചത്. ഇന്നത് ബിജെപി നടപ്പാക്കുകയാണ്. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. മുത്തലാഖ് വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് കേന്ദ്രസർക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ലെന്നും മുഖ്യമന്ത്രി വാദിച്ചു. മതാടിസ്ഥാനത്തിലല്ല രാജ്യത്തെ പൗരത്വം. എന്നാൽ, കേന്ദ്രസർക്കൂാർ മതാടിസ്ഥാനത്തിലാക്കുന്നു. ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കലാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. മുസ്ലീമിന്റെ വിവാഹബന്ധം വേർപിരിക്കുന്ന നിയമത്തിൽ ഇടപെടുന്നത് ഇതുകൊണ്ടാണ്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ല. വാചകത്തിൽ ഫെഡറൽ തത്വം പറയുകയും, പ്രയോഗത്തിൽ കേന്ദ്രസർക്കാർ മറക്കുകയും ചെയ്യുന്നു. എതിർക്കുന്നവർക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല എന്നും പിണറായി വിജയൻ പറഞ്ഞു.
Comments