ഭോപ്പാൽ: വിവാദ പരാമർശം നടത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നൂറു കണക്കിന് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ത്യാഗം ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം രാജ്യത്തിന് വേണ്ടിയുള്ള ത്യാഗമാണെന്നാണ് കരുതുന്നത് എങ്കിൽ പശ്ചിമ ബംഗാളിലേക്കും കേരളത്തിലേക്കും ത്രിപുരയിലേക്കും ഖാർഗെ ഒന്ന് നോക്കുന്നത് നന്നായിരിക്കും. മൂന്ന് സംസ്ഥാനങ്ങളിലും നൂറ് കണക്കിന് ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് രാജ്യത്തിനായി സ്വജീവൻ ത്യാഗം ചെയ്തിരിക്കുന്നതെന്നും നരോത്തം മിശ്ര പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മല്ലികാർജുൻ ഖാർഗെ ബിജെപി നേതാക്കളുടെ ജീവത്യാഗത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. നമ്മൾ ഇന്ന് ജീവിക്കുന്നത് സ്വതന്ത്ര ഇന്ത്യയിൽ ആണ്. ഇതിനായി ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും ജീവൻ ബലി നൽകി. തങ്ങളുടെ പാർട്ടി പ്രവർത്തകരും രാജ്യത്തിനായി ജീവത്യാഗം ചെയ്തു. ബിജെപിക്കാർ എന്ത് ചെയ്തു. ബിജെപിക്കാരുടെ വീട്ടിലെ ഒരു പട്ടിയെങ്കിലും രാജ്യത്തിനായി എന്തെങ്കിലും ത്യാഗം ചെയ്തിട്ടുണ്ടോയെന്നായിരുന്നു ഖാർഗെയുടെ പരാമർശം.
Comments