2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാൻ ഋഷഭ് ഷെട്ടിയുടെ കാന്താരയ്ക്ക് കഴിഞ്ഞു. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയായിരുന്നു കാന്താര. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടി കൊണ്ടു പോകുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. സിനിമ ഉറപ്പായും ഓസ്കർ നോമിനേഷന് പരിഗണിക്കണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, 2023-ലെ ഓസ്കറിന് കാന്താരയും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ.
‘ഞങ്ങൾ കാന്താരയ്ക്കായി ഓസ്കറിന് അപേക്ഷ സമർപ്പിച്ചു. അന്തിമ നോമിനേഷനുകൾ ഇനിയും വരാനിരിക്കുന്നതിനാൽ കാത്തിരിപ്പ് തുടരുകയാണ്. കാന്താര ഒരു കഥ എന്ന നിലയിൽ വളരെയധികം വേരൂന്നിയതാണ്. അതിന് ലോകമെമ്പാടും ഒരു ശബ്ദം കണ്ടെത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ എന്ന് വിജയ് കിരങ്ങണ്ടൂർ പറഞ്ഞു.
കാന്താരയുടെ രണ്ടാം ഭാഗത്തെപ്പറ്റിയും നിർമ്മാതാവ് പ്രതികരിച്ചു. ‘കാന്താരയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയില്‍ സന്തോഷമുണ്ട്. ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാൻ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും കാന്താര 2 ചെയ്യാൻ ആലോചിക്കുന്നു. എന്നാല്‍ അതിന്റെ ടൈംലൈൻ പറയാൻ ഇപ്പോൾ സാധിക്കില്ല’ എന്നാണ് വിജയ് കിരങ്ങണ്ടൂർ പ്രതികരിച്ചത്. കാന്താരയുടെ തുടർഭാഗത്തിന്റെ പണിപ്പുരയിലാണ് ഋഷഭ് ഷെട്ടി.
Comments