ഡൽഹി: ഭാരത് ജോഡോ യാത്രയ്‌ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം സന്ദർശിച്ച് കോൺഗ്രസ് എംപി രാഹുൽഗാന്ധി. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയതിന് പിന്നാലെയാണ് വാജ്പേയിയുടെ സ്മാരകത്തിൽ രാഹുൽ എത്തിയത്. സമാധി സ്ഥലത്ത് പ്രണാമം അർപ്പിച്ച രാഹുൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്.
കോൺഗ്രസ് മാദ്ധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് ആണ് ഇതിന്‍റെ ചിത്രങ്ങൾ പുറത്തു വിട്ടത്. ‘അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകമായ ‘സദൈവ് അടലിൽ’ രാഹുൽ എത്തി പ്രണാമം അർപ്പിച്ചു. ബഹുമാനം നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യമാണെന്നും രാജ്യത്തിന്‍റെ പാരമ്പര്യം ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കും’ എന്ന് കുറിച്ചു കൊണ്ടാണ് ജയ്റാം രമേശ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ക്യാമറക്ക് മുമ്പിൽ രാഹുൽ ഗാന്ധി നടത്തുന്ന മറ്റൊരു നാടകമാണ് വാജ്പേയിയുടെ സമാധി സ്ഥല സന്ദർശനമെന്ന് ബിജെപി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരെ ആദരിക്കുന്നത് ആത്മാർത്ഥതയോടെ ആണെങ്കിൽ ഹൈദരാബാദിലെ നരസിംഹറാവുവിന്റെ സമാധിയും രാഹുൽ സന്ദർശിക്കണമായിരുന്നു എന്ന് ബിജെപി പ്രതികരിച്ചു.
Comments