തിരുവനന്തപുരം: മൂന്നാറിൽ കുട്ടിയാനകൾ തുടർച്ചയായി മരണപ്പെടുന്നതിന് പിന്നിൽ രോഗബാധയെന്ന സംശയം. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകൾ ചരിഞ്ഞ സംഭവത്തിലാണ് രോഗബാധ സംശയിക്കുന്നത്. ഹെർപിസ് രോഗബാധയായിരിക്കാം കാരണമെന്നാണ് പ്രഥമിക നിഗമനം. മാട്ടുപെട്ടി മേഖലയിലാണ് ഇത്തവണ രോഗബാധ സംശയിക്കുന്നത്.
2017ലും 2018ലും മൂന്നാറിൽ അടുത്തടുത്ത ദിവസങ്ങളിൽ കുട്ടിയാനകൾ ചരിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു മരണത്തിന് ശേഷം വൻ ആനക്കൂട്ടം ചരിഞ്ഞ കുട്ടിയാനയ്‌ക്ക് ചുറ്റും കൂടി നിന്ന സംഭവം ഏറെ വാർത്താ ശ്രദ്ധയും നേടിയിരുന്നു. അന്ന് കുണ്ടള സാൻഡോസ് മേഖലയിലാണ് ആനക്കുട്ടി ചരിഞ്ഞത്. ഏറെ പണിപ്പെട്ടാണ് വനംവകുപ്പിന് ആനക്കുട്ടിയുടെ ശരീരം പോസ്റ്റ്മാർട്ടം ചെയ്യാൻ സാധിച്ചത്.
മൂന്നാറിലും പരിസരത്തും ആനക്കൂട്ടം ധാരാളമായി കാടിറങ്ങി ടൗണിലും പരിസരത്തും എത്തുന്നതിന്റെ ഭീതി നിലനിൽക്കുന്നതിനിടെയാണ് ആനകൾക്കിടയിലെ രോഗബാധയും വനംവകുപ്പിനെ വലയ്‌ക്കുന്നത്.















