തൃശൂർ: ജില്ലയിൽ പുതുതലമുറ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വിറ്റഴിക്കാൻ എത്തിച്ച നിരോധിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരമാണ് പോലീസ് പിടികൂടിയത്. രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ച രക്ഷിതാക്കൾ നിരോധിത ഇലക്ട്രോണിക് സിഗരറ്റ് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം അവർ സിറ്റി പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ്, ടാറ്റൂ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഇ-സിഗരറ്റ് വിൽപ്പന നടക്കുന്നതായി അറിഞ്ഞത്. കാഴ്ചയിൽ മിഠായി പോലെ തോന്നിക്കുന്ന ഇവയിൽ വൻ തോതിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്.
ചൈനയിൽ നിർമ്മിക്കുന്നതാണ് ഇത്തരം ഇ-സിഗരറ്റുകൾ. ഒരു തവണ ഉപയോഗിക്കുമ്പോഴേക്കും സിഗരറ്റ് അഡിക്ഷൻ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സ്വഭാവ വൈകൃതം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും ഉപയോഗിക്കുന്നവർക്ക് സംഭവിക്കാം. 2,500 രൂപ നിരക്കിലാണ് പിടിച്ചെടുത്ത സിഗരറ്റുകൾ വിൽപന നടത്തിയിരുന്നത്.
ക്രിസ്തുമസ്-പുതുവത്സരം എന്നീ ആഘോഷങ്ങൾ പ്രമാണിച്ച് നഗരത്തിൽ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചാരായ വാറ്റ് ഉൾപ്പെടെ പിടികൂടുന്നതിന് പ്രത്യേകസംഘം രൂപീകരിച്ചിരിക്കുകയാണ്.
Comments