തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീത (17) ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സംഗീത.
ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ഏതാനും നാളുകളായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ചായിരുന്നു ഗോപു എത്തിയത്. എന്നാൽ അഖിലെന്ന പേരിൽ എത്തിയിരിക്കുന്നത് ഗോപുവാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. ഇതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു സംഗീതയുടെ കഴുത്തിൽ ആഞ്ഞ് വെട്ടുകയായിരുന്നു.
ബഹളം കേട്ട് എത്തിയ അയൽക്കാരും വീട്ടുകാരും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments