ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവറിയിച്ചിരിക്കുകയാണ് അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. ക്രിസ്റ്റ്യാനോയുടെ താരമൂല്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അൽ-നസർ സൈബർ ലോകത്ത് നേരിട്ട കുതിച്ചുചാട്ടം. വെറും എട്ട് ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അൽ-നസറിന്റെ പ്രൊഫൈലിന് ഇപ്പോൾ 30 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഫേസ്ബുക്കിലും ട്വിറ്ററിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല.
സൗദി ക്ലബ്ബായ അൽ-നസറിലേക്ക് കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോയെത്തിയത്. ഭീമൻ തുകയ്‌ക്കായിരുന്നു താരത്തെ അൽ നസർ വാങ്ങിയത്. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുക രേഖപ്പെടുത്തിയായിരുന്നു ഈ ക്ലബ്ബ് മാറ്റം. ഇനി താരത്തിന് വാർഷിക പ്രതിഫലമായി ക്ലബ്ബ് നൽകുന്നത് 200 മില്യൺ ഡോളറാണ്. അതായത് ഏകദേശം 1,950 കോടി ഇന്ത്യൻ രൂപ.
ഇതോടെ അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്സിന്റെ എണ്ണം സുനാമി പോലെ കുതിക്കുകയായിരുന്നു. 1.74 ലക്ഷം ഫോളോവേഴ്‌സായിരുന്നു ക്ലബ്ബിന് ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്. സിആർ7ന്റെ വരവോടെ ഇത് 6.61 ലക്ഷമായി ഉയർന്നു. ഏകദേശം അഞ്ച് മടങ്ങോളമാണ് കുതിപ്പ്. ക്രിസ്റ്റ്യാനോയുടെ വരവിന് മുമ്പ് 90,000 ഫോളോവേഴ്‌സ് മാത്രമായിരുന്നു ട്വിറ്ററിൽ ഉണ്ടായിരുന്നത്. ഇത് 4.37 ലക്ഷമായി ഉയർന്നിരിക്കുകയാണ്.
Comments