തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ നാട്ടിലെത്തിയ സൈനികന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. പുളിമാത്ത് ക്ഷേത്രം റോഡിൽ റേഷൻകടയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ചേർന്ന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കാണ് ആരോമൽ നാട്ടിലെത്തിയത്.
കാരേറ്റ് കവലയിൽ പൂക്കട നടത്തുന്നയാളാണ് ആരോമലിന്റെ പിതാവ് പത്മകുമാർ. രണ്ടാഴ്ച മുൻപ് കടയിലേക്ക് ബൈക്കിൽ പോകുമ്പോൾ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് നാട്ടിലെത്തിയതിന് പിന്നാലെയാണ് കണ്ണീരിലാഴ്‌ത്തിയ വിയോഗമുണ്ടായത്. 2018-ലാണ് ഇദ്ദേഹം സൈന്യത്തിൽ ചേർന്നത്.
Comments