പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്സിൻ വാർ’. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുമെല്ലാം പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇപ്പോഴിതാ താനും ചിത്രത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുപം ഖേർ. അനുപം ഖേറിന്റെ 534ാമത്തെ ചിത്രമാണിത്.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് അനുപം ഖേർ ഇത് സംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്. ദി വാക്സിൻ വാർ’ എന്നെഴുതിയ ക്ലാപ്പ്ബോർഡ് പിടിച്ചിരിക്കുന്ന ചിത്രമാണിത്. 534ാമത്തെ ചിത്രം പ്രഖ്യാപിക്കുന്നു. വിവേക് അഗ്നിഹോത്രിയുടെ വാക്സിൻ വാർ. ഈ ചിത്രം തന്നെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അനുപം ഖേർ ഇതിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. കശ്മീർ ഫയൽസിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
നാനാ പടേക്കറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത്. ലഖ്നൗവിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഭോജ്പുരി, പഞ്ചാബി, ഗുജറാത്തി, മറാത്തി, ബംഗാളി തുടങ്ങീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. പല്ലവി ജോഷിയാണ് വാക്സിൻ വാറിന്റെ നിർമ്മാണം.
Comments