ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ജനുവരി 6 മുതൽ ചിത്രം പാൻ ഇന്ത്യൻ പ്രദർശനത്തിനൊരുങ്ങുകയാണ്. തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡീഷ, മുംബൈ, ഗോവ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം റിലീസ് ചെയ്യുകയാണ്. ഉണ്ണി മുകുന്ദൻ ജനിച്ചു വളർന്ന ഗുജറാത്തിൽ മാത്രം 15-ഓളം തിയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുക. കേരളക്കരയുടെ മാത്രമല്ല, ഇന്ത്യയുടെ വിജയ ചിത്രമായി മാറാനൊരുങ്ങുകയാണ് മാളികപ്പുറം.
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്‌ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നു.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.















