തിരുവനന്തപുരം: നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒൻപത് പൈസ അധികം ഈടാക്കാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി. ഫെബ്രുവരി ഒന്നുമുതൽ മേയ് 31 വരെ നാലുമാസത്തേക്കാണ് ഇന്ധന സർച്ചാർജായി പുതുക്കിയ നിരക്ക് ഈടാക്കുക.
2022 ഏപ്രിൽമുതൽ ജൂൺവരെ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപയാണ് സർചാർജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക. യൂണിറ്റിന് 14 പൈസ ഈടാക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ റെഗുലേറ്ററി കമ്മിഷൻ ഇത് അംഗീകരിച്ചില്ല.
ഇതിനുമുൻപുള്ള കാലങ്ങളിലെ ഇന്ധന സർച്ചാർജ് ഈടാക്കാൻ ബോർഡ് നൽകിയ അപേക്ഷകൾ ഈ ഉത്തരവിനൊപ്പം കമ്മിഷൻ തള്ളി. 2021 ഒക്ടോബർമുതൽ ഡിസംബർവരെയുള്ള അധികച്ചെലവ് 18.10 കോടിയായിരുന്നു. 2022 ജനുവരി മുതൽ മാർച്ചുവരെ 16.05 കോടിയും.
Comments