പാലക്കാട്: ദേശീയ സേവാഭാരതി സേവാ സംഗമം ഇന്ന് സമാപിക്കും. രാഷ്‌ട്രീയ സേവാഭാരതി അദ്ധ്യക്ഷൻ പന്നലാൽ ബൻസാലി മുഖ്യ പ്രഭാഷണം നടത്തും. അഖില ഭാരതീയ സേവാ പ്രമുഖ് രാജ്‌കുമാർ മട്ടാലേ സേവാ സന്ദേശം നൽകും. മൂവായിരത്തിലധികം പ്രവർത്തകരാണ് സേവാ സംഗമത്തിൽ പങ്കെടുക്കുന്നത്. മെട്രോമാൻ ഡോ. ഇ. ശ്രീധരൻ, രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ സർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ, രാജ്‌കുമാർ മട്ടാലേ, പന്നലാൽ ബൻസാലി, പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്) തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ കേരളത്തിന്റ ആത്മീയാചാര്യൻ സ്വാമി ചിദാനന്ദപുരി ഭദ്രദീപം കൊളുത്തിയായിരുന്നു ദേശീയ സേവാഭാരതി സേവാ സംഗമത്തിന് തുടക്കം കുറിച്ചത്.
ദേശീയ സേവാഭാരതി കേരളം അദ്ധ്യക്ഷൻ ഡോ. രഞ്ജിത് വിജയ ഹരിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. സേവാ സംഗമം ജനറൽ കൺവീനർ ഡോ. ശ്രീറാം ശങ്കർ സ്വാഗതം ആശംസിച്ചു. സേവാ സംഗമത്തിന്റെ പ്രഥമ ഉദ്ദേശം, ഭാരതത്തെ പരം വൈഭവത്തിലേയ്‌ക്കെത്തിക്കുവാൻ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണെന്ന് ശ്രീറാം ശങ്കർ പറഞ്ഞു. ഇനി വരുന്ന അഞ്ചുവർഷം ഇതുവരെ പ്രവർത്തനം എത്താത്ത മേഖലകളിൽ പ്രവർത്തനം നടത്തി അത്ഭുതകരമായ മാറ്റം കൊണ്ടുവരണമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സേവാപ്രമുഖ് എം. സി. വത്സനും പറഞ്ഞു.
‘കേരളം ആരോഗ്യയുക്തമാകണമെങ്കിൽ ജീവിതകാഴ്ചപാടുകൾ മാറുകയും, കുഴിച്ചുമൂടുന്ന ശവസംസ്കാര രീതികൾ മാറ്റുകയും ചെയ്താൽ മതിയാകും. സേവനം അനിർവചനീയമാണ്. ബാഹ്യമായ കർമ്മങ്ങൾ മാത്രമല്ല, ഒരു പുഞ്ചിരി സമ്മാനിക്കുന്നതും സേവനം തന്നെയാണ്. അതുതന്നെയാണ് വലിയ മാനവ സേവ’ എന്നും ഉദ്ഘാടന പ്രഭാഷണത്തിൽ സ്വാമി ചിദാനന്ദപുരി സംസാരിച്ചു. ‘സേവനം ഒരു തപസ്യ ആണ്. മടിയില്ലാതെ മറയില്ലാതെ ജീവിതവ്രതമായി നിതാന്ത ജാഗ്രതയോടെ അനുഷ്ഠിക്കേണ്ടതാണ് സേവാഭാവം. അതായിരിക്കട്ടെ പ്രാർത്ഥന’ എന്ന് സേവാ സംഗമം സ്വാഗതസംഘം ചെയർമാൻ പത്മവിഭൂഷൻ ഇ ശ്രീധരനും ആശംസിച്ചു.
Comments