ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അതേസമയം ഒടിടി റിലീസ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു ചെറിയ ടീസർ പുറത്തുവിട്ടുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ റിലീസ് പ്രഖ്യാപനം.
ഡിസംബർ 30 ന് റിലീസ് ചെയ്ത ചിത്രം കേവലം ഒരു മാസം പിന്നിട്ടപ്പോഴാണ് 100 കോടി ക്ലബ്ബ് നേട്ടം കരസ്ഥമാക്കിയിത്. മലയാള സിനിമയിലെ ഏറെ പ്രത്യേകതകളുള്ള വിജയങ്ങളിലൊന്നാണ് മാളികപ്പുറം. ഇപ്പോഴും വാരാന്ത്യങ്ങളിൽ ഹൗസ്ഫുൾ ഷോകളും മികച്ച തിയറ്റർ കൗണ്ടുമായി മുന്നേറുകയാണ് ഈ ചിത്രം. വൈഡ് റിലീസിന്റെ ഇക്കാലത്ത് മികച്ച ഇനിഷ്യലും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും നേടുന്ന ചിത്രങ്ങൾക്കുപോലും മികച്ച ലോംഗ് റൺ ലഭിക്കുക അപൂർവ്വമാണ്.
അതേസമയം 3.5 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം നേടിയത് 40 കോടിയിലേറെയാണ്. ചിത്രത്തിന്റെ ഡബ്ബ് ചെയ്തിറക്കിയ പതിപ്പുകൾ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് തമിഴ്, തെലുങ്ക് സിനിമ മേഖലയിലെ നിരവധി പേർ രംഗത്ത് വന്നിരുന്നു.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും കടന്നുവന്നിരുന്നു. സിനിമയെ രാഷ്ട്രീയമായി ചിത്രീകരിച്ച് പാർശ്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ ഇതിനെയൊക്കെ അണിയറ പ്രവർത്തകർ സധൈര്യം ഒന്നിച്ച് നേരിടുന്ന കാഴ്ചയാണ് കണ്ടത്. ഡിസംബർ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദർശനം ആരംഭിച്ച ചിത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാർക്കറ്റുകളിലേക്കും എത്തുകയായിരുന്നു.
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ബാലതാരം ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഉണ്ണിമുകുന്ദനെ കൂടാതെ മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Comments