തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സെസിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയ്‌ക്ക് അകത്തും പുറത്തും സമരം തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, ഇപ്പോൾ സെസ് വെട്ടിച്ചുരുക്കിയാൽ യുഡിഎഫിന് രാഷ്‌ട്രീയ വിജയമാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് എൽഡിഎഫ് തീരുമാനം. സംസ്ഥാനത്തെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു
ഇതിന് പിന്നാലെ സെസ് ഒരു രൂപയെങ്കിലും കുറയ്‌ക്കണമെന്ന് എൽഡിഎഫ് നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നു. തുടർന്നാണ് ജനങ്ങളെ ബാധിക്കുന്ന സെസ് കുറയ്‌ക്കുന്ന കാര്യം ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിക്കേണ്ടതില്ലേ എന്ന് ചില എംഎൽഎമാർ സംശയമുന്നയിച്ചത്. എന്നാൽ ബജറ്റിനുള്ളിൽ നിന്ന് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്ന രീതിയിലായിരുന്നു പിണറായിയുടെ മറുപടി. പ്രതിപക്ഷം നിയമസഭയ്‌ക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയതോടെ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാരും മുന്നണിയും എത്തിയതായാണ് സൂചന.
Comments