സംവിധായകൻ രാജമൗലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. ആർഎസ്എസ് ചിത്രത്തെപ്പറ്റിയുള്ള പരാമർശമടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു വിഭാഗം ആൾക്കാർ രാജമൗലിക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിടുമ്പോഴാണ് സംവിധായകന് പിന്തുണയുമായി കങ്കണ രംഗത്തു വന്നിരിക്കുന്നത്. വിവാദ നായകനാക്കി എന്തിനാണ് രാജമൗലിയെ മുദ്ര കുത്തുന്നതെന്നും ആർആർആറിലൂടെ ദേശ സ്നേഹം ഉയർത്തി പിടിച്ചതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും കങ്കണ ചോദിക്കുന്നു.
‘ദേശസ്നേഹമുള്ള സംവിധായകനാണ് രാജമൗലി സർ. ദേശസ്നേഹം ഉയർത്തിപ്പിടിക്കുന്ന സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളതും. എന്തിനാണ് അദ്ദേഹത്തിനെതിരെ വിമർശനം അഴിച്ചു വിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഈ രാജ്യത്തെ ജനങ്ങൾ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. എന്തിനാണ് അദ്ദേഹത്തെ ഒരു വിവാദ നായകനാക്കുന്നത്. ബാഹുബലി പോലൊരു സിനിമയെടുത്ത് രാജ്യത്തിന്റെ പാരമ്പര്യം ലോകം മുഴുവൻ എത്തിച്ചതിനോ? അതോ, ആർആർആറിലൂടെ ദേശസ്നേഹം ഉയർത്തിപ്പിടിച്ചതോ?. അതുമല്ലെങ്കിൽ ഇന്റർനാഷണൽ റെഡ് കാർപ്പറ്റുകളിൽ മുണ്ടുടുത്ത് വന്നതോ?. അറിയാവുന്നവർ പറഞ്ഞു തരൂ’.
‘ഞങ്ങൾ(കലാകാരന്മാർ) തീർത്തും ഞങ്ങൾ തന്നെയാണ്. നിങ്ങൾ അടങ്ങി ഇരിക്കുക. രാജമൗലി സാറിനെതിരെയുള്ള ഒന്നും എനിക്ക് സഹിക്കാൻ കഴിയില്ല. മഴയത്ത് ജ്വലിക്കുന്ന തീയാണ് അദ്ദേഹം. പ്രതിഭയും ദേശിയവാദിയും യോഗിയുമാണ് അദ്ദേഹം. അങ്ങനെ ഒരാളെ ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. ഞാൻ രാജമൗലി സാറിനെ ഒരിക്കലും കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് നേരിട്ട് അറിയില്ല. ഒരു പക്ഷെ, ഈ നിഷേധാത്മകതയൊന്നും അദ്ദേഹത്തെ അലട്ടുകപോലും ചെയ്തേക്കില്ല. പക്ഷേ, സത്യത്തിനൊപ്പമാണ് ഞാൻ. അതാണ് ധർമ്മം’- എന്ന് കങ്കണ ട്വിറ്റ് ചെയ്തു.
Comments