ഹൈദരാബാദ് : ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ 24-കാരനായ യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. വ്യായാമം ചെയ്തുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീഴുകയും ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു. മോണ്ട മാർക്കറ്റ് മേഖലയിലെ ഗാൻസി ബസാർ സ്വദേശിയായ വിശാൽ ആണ് മരിച്ചത്. 2020-മുതൽ ആസിഫ് നഗർ പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ആണ് ഇദ്ദേഹം.
സമാനരീതിയൽ കഴിഞ്ഞമാസം മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ 67-കാരൻ മരണപ്പെട്ടിരുന്നു. വാസൈ സ്വദേശിയായ പ്രഹ്ലാദ് നിഗമാണ് മരിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രഹ്ലാദ് കുഴഞ്ഞു വീഴുകയായിരുന്നു.
അടുത്തിടെ പ്രിയ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയും ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ടിരുന്നു. 46-വയസ്സായിരുന്നു അദ്ദേഹത്തിന്. ഹിന്ദി ടിവി സീരിയലുകളിലും ഷോകളിലും നിറ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ അകാല മരണം ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. കന്നട താരമായ പുനിത് രാജ്കുമാർ അദ്ദേഹത്തിന്റെ 46-ാം വയസ്സിൽ മരണമടഞ്ഞതും 40-ാം വയസ്സിൽ ബോളിവുഡ് സീരിയൽ നടനായ സിദ്ധാർത്ഥ് ശുക്ല എന്നിവർ മരണത്തിന് കീഴടങ്ങിയതും വ്യായാമം ചെയ്യവെ ആയിരുന്നു.
Comments