മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. 2019 – ൽ പുറത്തിറങ്ങിയ മലയാളം ത്രില്ലർ ചലച്ചിത്രം ലൂസിഫറിനെ ലോക സിനിമാ പ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. ലൂസിഫർ ഹിറ്റായതിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം എമ്പുരാൻ വരുന്നുവെന്ന് നേരത്ത തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. എമ്പുരാനുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്
ഇപ്പോഴിതാ എമ്പുരാനിൽ താനും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. ലൂസിഫറിൽ മുരുകന് എന്ന രാഷ്ട്രീയക്കാരനായി ഗംഭീര പ്രകടനമായിരുന്നു ബൈജു കാഴ്ചവച്ചിരുന്നത്. എമ്പുരാൻ ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ഗംഭീര സിനിമ ആയിരിക്കുമെന്നും ബൈജു പറഞ്ഞു. റിലീസിനൊങ്ങുന്ന ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന്റെയിടയിലായിരുന്നു നടന്റെ പ്രതികരണം.
‘തന്നെ നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചെന്നും, പൃഥ്വി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്നും പറഞ്ഞു. എമ്പുരാൻ ആദ്യഭാഗം പോലെ ആകില്ല, വേറൊരു ലെവൽ പടമാണെന്നും, ബാക്കി കഥയൊക്കെ പിന്നെ പറയാമെന്നായിരുന്നു ബൈജു പറഞ്ഞത്.
എമ്പുരാനിൽ മോഹന്ലാലിനൊപ്പം തന്നെ ഉണ്ടാകുമല്ലോ എന്ന ചോദ്യത്തിന്, ആയിരിക്കും, ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ എന്ന രസകരമായ മറുപടിയാണ് ബൈജു നൽകിയത്. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും അറിയില്ലെന്നും, ചിലപ്പോൾ മമ്മൂക്ക ഗെസ്റ്റ് റോളിൽ വന്നാലോ, എന്നുമാണ് ബൈജു മറുപടി നൽകിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫറിന്റെ നിർമാതാവ്. മുരളി ഗോപിയായിരുന്നു തിരക്കഥ. എമ്പുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൂസിഫറിലെ പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയ താരനിര എമ്പുരാനിലും ഉണ്ടാകും.
Comments