റായ്പൂർ : കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിഎഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യ വരിച്ചു. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലാണ് സംഭവം. ഭീകരർ സ്ഥാപിച്ച ഉഗ്രസ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സിഎഎഫ് കോൺസ്റ്റബിളായ സഞ്ജയ് ലക്ര കൊല്ലപ്പെട്ടത്. ഓർച്ച പോലീസ് സ്റ്റേഷന് പരിധിയിലെ ബതും ഗ്രാമത്തിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് നാരായൺപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ഹേംസാഗർ സിദാർ വ്യക്തമാക്കി.
പ്രദേശത്ത് ഭീകരർ ബാനറുകൾ സ്ഥാപിച്ചുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് 300 കിലോമീറ്റർ ദൂരെയുള്ള പോലീസ് സ്റ്റേഷനിൽ നിന്നെത്തിയ സംഘം പട്രോളിംഗ് നടത്തുകയായിരുന്നു. തിരച്ചിലിനിടെയാണ് സഞ്ജയ് ലക്ര സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ ജഷ്പൂർ സ്വദേശിയായ സഞ്ജയ്യുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ സമാനരീതിയിൽ സുക്മ ജില്ലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
Comments