ഗാന്ധിനഗർ: പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തിരമായി അഹമ്മദാബാദ് വിമാനത്താളത്തിൽ ലാൻഡ് ചെയ്യിച്ചത്. വിമാനം സുരക്ഷിതമാക്കി ഇറങ്ങിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനക്കമ്പനി അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ വിമാനത്തിന്റെ എഞ്ചിന്റെ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. രണ്ടാം എഞ്ചിന്റെ ഫാൻ ബ്ലേഡുകൾക്കാണ് ക്ഷതമേറ്റിരിക്കുന്നത്.
അതേസമയം യാത്രക്കാരിലൊരാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് മറ്റൊരു ഇൻഡിഗോ വിമാനം കഴിഞ്ഞദിവസം അടിയന്തിരമായി ഭോപ്പാലിൽ ഇറക്കിയിരുന്നു. കൊച്ചിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് ഭോപ്പാലിൽ ലാൻഡ് ചെയ്യിച്ചത്. ശേഷം യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നായിരുന്നു അടിയന്തിര ലാൻഡിംഗ്. തകരാർ പരിഹരിച്ച ശേഷം വിമാനം ദമാമിലേക്ക് തിരിച്ചു.
Comments