നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ജീവജാലങ്ങൾ ഭൂമിയിലുണ്ട്. കാഴ്ചയിൽ തന്നെ ചില ജീവികൾ അപകടമാണെന്ന് നമുക്ക് മനസ്സിലാകും. എന്നാൽ, ചിലതാകട്ടെ സൗന്ദര്യം കൊണ്ട് നമ്മെ അവരിലേയ്ക്ക് ആകർഷിക്കും. എന്നാൽ ഭംഗിയുള്ള എല്ലാ ജീവികളും നല്ലതായിരിക്കണമെന്നില്ല. കാഴ്ചയിൽ ഭംഗിയുള്ളതും എന്നാൽ വളരെയധികം അപകടകാരികളുമായ നിരവധി ജീവികൾ ഈ ഭൂമിയിലുണ്ട്. തവള എന്നു കേൾക്കുമ്പോൾ പലരും നിസാരമായി കാണും. എന്നാൽ, വളരെയധികം അപകടകാരികളായ തവളകളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു തവളയാണ് ഗോൾഡൻ പോയ്സൺ ഫ്രോഗ്.
ഗോൾഡൻ പൊയ്സൺ ഫ്രോഗ് എന്ന് ഈ തവളയ്ക്ക് പേര് ലഭിച്ചത് അതിന്റെ ചർമ്മത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വിഷ സ്രവങ്ങൾ കൊണ്ടാണ്. ഈ സ്രവങ്ങളിൽ മനുഷ്യരിൽ പക്ഷാഘാതത്തിനും മരണത്തിനും കാരണമാകുന്ന ബാട്രാചോട്ടോക്സിൻ എന്ന ശക്തമായ ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, ഒരു തവളയിൽ ഏതാണ്ട് 10 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷാംശം അടങ്ങിയിട്ടുണ്ട്. അതും വെറും മൂന്ന് മിനിറ്റിനുള്ളിൽ.
കൊളംബിയയിലെ വേട്ടക്കാർ ഈ തവളയുടെ വിഷം ഉപയോഗിച്ച് വേട്ടയാടാൻ ആവശ്യമായ ആയുധങ്ങൾ ഉണ്ടാക്കിയിരുന്നു. അവ വളരെ വിഷാംശമുള്ളവയാണ്. തവളയെ സ്പർശിക്കുന്നത് പോലും മരണം വിളിച്ചു വരുത്തും. നാഡീവ്യൂഹത്തെ നശിപ്പിക്കാൻ കഴിയുന്നത്ര ശക്തമാണ് ഇതിന്റെ വിഷം. മൂർഖൻ പാമ്പിനെക്കാൾ അപകടകാരിയാണ് ഗോൾഡൻ പൊയ്സൺ ഫ്രോഗ്. രണ്ടിഞ്ച് നീളമുള്ള ഈ തവളയുടെ രണ്ട് തുള്ളി വിഷം മതി ആരെയും കൊല്ലാൻ. കുങ്കുമം, ഇളം പച്ച നിറങ്ങളിലും ഇവയെ കാണപ്പെടുന്നുണ്ട്. തവളയുടെ തിളക്കം കൂടുന്തോറും വിഷാംശം കൂടുതലാണെന്നാണ് ഒരു പഠനം പറയുന്നത്.
Comments