ന്യൂഡൽഹി: ഇന്ത്യ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായക മേഖലകളിലെ നൂതന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു. ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ചും ചർച്ച നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജി. 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുവരും ചർച്ച ചെയ്തു. കൊറോണ കാലത്ത് ഇന്ത്യ ഡിജിറ്റല്‍ പേയ്മെന്റിലേക്ക് കൂടുതലായി നീങ്ങിയതിനെയും ബില്‍ ഗേറ്റ്സ് ബ്ലോഗില്‍ അഭിനന്ദിച്ചു.
കൊറോണ വാക്സിൻ വികസിപ്പിക്കുന്നതും ചർച്ചയായി. സുരക്ഷിതവും ഫലപ്രദവുമായ ധാരാളം വാക്സിനുകൾ നിർമ്മിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. അവയിൽ ചിലത് ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ലോകമെമ്പാടുമുള്ളവരെ സംരക്ഷിക്കുകയും ചെയ്തതായി അദ്ദേഹം കുറിച്ചു.
ബിൽഗേറ്റ്സ് വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷമാണ് ഗേറ്റ്സ് നോട്ട്സ് എന്ന പേരിലുള്ള തന്റെ ബ്ലോഗിൽ പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയെ കുറിച്ച് വിശദീകരിച്ചത്.
Comments