മുംബൈ: ഭൂഗർഭ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി. മഹാരാഷ്ട്രയിലെ യവത്മാലിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. പൈപ്പ് ലൈൻ തകരാറിനെ തുടർന്ന് റോഡിൽ വിള്ളൽ ഉണ്ടാകുകയും വെള്ളം റോഡിലേക്ക് ഇരച്ച് കയറുകയും ചെയ്തു.
അപകടത്തിൽനിന്ന് ബൈക്ക് യാത്രക്കാരി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞു. വിള്ളലുണ്ടായ റോഡിലൂടെ യുവതി ബൈക്കിൽ കടന്നുപോയി നിമിഷങ്ങൾക്കകമാണ് നാടകീയ സംഭവം നടന്നത്. യുവതിയുടെ സ്കൂട്ടറിന് തൊട്ട് അടുത്തേക്ക് പെട്ടെന്നുതന്നെ വെള്ളം ഇരച്ചെത്തുകയും ചെയ്തു. ഏറെ നേരത്തിന് ശേഷമാണ് ജലപ്രവാഹം കുറഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പൈപ്പ് ലൈൻ പൊട്ടിയതിന്റെ ആഘാതത്തിൽ റോഡ് രണ്ടായി പിളർന്നാതായും ദൃശ്യങ്ങളിൽ കാണാം. വലിയൊരു ഗർത്തം തന്നെ റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാന വാരം കൊച്ചി തമ്മനത്തും പൈപ്പ് ലൈൻ പൊട്ടി സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. പൈപ്പ് ലൈനിൻ പൊട്ടി റോഡ് നടുവേ പൊളിഞ്ഞിരുന്നു. സമീപത്തെ കടകളിലും വെള്ളം ഇരച്ചെത്തിയിരുന്നു.
Comments