ഹാരി പോട്ടർ പുസ്തകങ്ങളിലും സിനിമകളിലൂടെയും പലർക്കും സുപരിചതിമായ ഒരു സസ്യമാണ് മാൻഡ്രേക്ക്. സംസാരിക്കുകയും ഉറക്കെ നിലവിളിക്കുകയും മനുഷ്യരെ പോലെ രൂപസാദൃശ്യമുള്ളതുമായ സസ്യങ്ങളാണ് പലർക്കും മാൻഡ്രേക്കുകൾ. യഥാർത്ഥത്തിൽ ഇത് സത്യമാണോ? പിഴുതെടുത്താൽ കരയുന്ന സസ്യമാണോ മാൻഡ്രേക്ക്! ആ കരച്ചിൽ കേൾക്കുന്നവരെല്ലാം മരിച്ചു പോകുമോ? സത്യമെന്താണ്. ആൻട്രോപോമോർഫോൻ എന്നാണ് മാൻഡ്രേക് ചെടിയെ പൈതഗോറസ് വിശേഷിപ്പിച്ചത്. മനുഷ്യ രൂപവുമായി സാദൃശ്യമുള്ള തരത്തിലാണ് ഈ ചെടിയുടെ വേരുകൾ പിണഞ്ഞിരിക്കുന്നത്. മാൻഡ്രേക് ചെടിയുടെ വേരുകൾക്ക് മനുഷ്യന്റെ രൂപമാണെന്നുള്ള പ്രചാരണം ശക്തമായിരുന്നു. ചിലർ കൊത്തുപണികളിലൂടെ ഇവയുടെ വേരുകൾക്ക് മനുഷ്യ രൂപവും നൽകി.
മാന്ത്രിക സസ്യം എന്നറിയപ്പെട്ടിരുന്ന മാൻഡ്രേക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും നിലനിന്നിരുന്നു. ഈജിപ്ഷ്യൻ കല്ലറകളിൽ ഇതുപയോഗിച്ചിരുന്നു. മാൻഡ്രേക്ക് ചെടി മണ്ണിൽ നിന്ന് പിഴുതെടുത്താൽ അത് ഉറക്കെ കരയുമെന്നായിരുന്നു അന്നത്തെ വിശ്വാസം. ഈ കരച്ചിൽ കേൾക്കുന്നവരെല്ലാം മരിക്കും. ഈ വിശ്വാസം അക്കാലത്ത് ശക്തമായിരുന്നതിനാൽ പലരും ചെടി പറിച്ചെടുക്കാൻ ഭയന്നു. മാൻഡ്രേക്ക് ചെടി പറിക്കാൻ അന്ന് ചില വിദ്യകളും പ്രയോഗിച്ചു. ഒരു നായയെ ചെടിയുടെ തണ്ടിൽ കെട്ടിയിടും. ശേഷം, അതിന്റെ മുന്നിലായി ഭക്ഷണം വയ്ക്കും. ആ ഭക്ഷണം എടുക്കാനായി നായ ചാടുമ്പോൾ തണ്ട് വലിഞ്ഞ് മാൻഡ്രേക്കിന്റെ വേരുകൾ പുറത്തെത്തും. ഉടനടി തന്നെ നായ ചത്തുപോകുമെന്നും യൂറോപ്യർ വിശ്വസിച്ചു.
മാന്ത്രികത നിറഞ്ഞ സസ്യമായിട്ടാണ് ചരിത്രകാല ജനത മാൻഡ്രേക്കിനെ കരുതിയത്. മന്ത്രവാദിനികൾ പറക്കാനുപയോഗിക്കുന്ന കുഴമ്പിൽ ഇതുപയോഗിക്കുന്നുണ്ടെന്നായിരുന്നു യൂറോപ്യർ വിശ്വസിച്ചുന്നത്. വൈദ്യശാസ്ത്രപരമായി ഈ ചെടിക്ക് ധാരാളം ഗുണങ്ങളുണ്ട്. 1500 ബിസിയിൽ ഈജിപ്തിൽ രചിച്ച എബർ പാപ്പിറസ് പോലുള്ള ഗ്രന്ഥങ്ങളിൽ ചെടിയുടെ ഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്. ലൈംഗിക ഉത്തേജന ഔഷധമായും വന്ധ്യത മാറ്റാനുമൊക്കെയാണ് ഈ സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട്, വേദനഹാരിയായും കുടൽപ്രശ്നങ്ങൾക്കും പാർക്കിൻസൺസ് രോഗത്തിനുമെല്ലാം ഇത് ഉപയോഗിച്ചു. ആസ്ത്മ, വാതം, മുറിവുകൾ, അൾസർ തുടങ്ങിവയ്ക്കും ചികിത്സയായി മാൻഡ്രേക്ക് ഉപയോഗിക്കാൻ തുടങ്ങി.
Comments