ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവതാരകനും ചലച്ചിത്ര താരവുമായ മിഥുൻ രമേശ്. ‘ ഇപ്പോൾ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇൻസ്റ്റഗ്രാം സറ്റോറി ആയിട്ടാണ് മിഥുൻ ആരോഗ്യവിവരം അറിയിച്ചിരിക്കുന്നത്.
ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുൻ രമേശ് തന്നെയായിരുന്നു അറിയിച്ചത്. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയിൽ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞതെന്നും താനിപ്പോൾ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടെന്നുമായിരുന്നു മിഥുൻ രമേശ് അറിയിച്ചത്.
മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ് ബെൽസ് പാൾസി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്‌ക്കുന്നതിനും ചിരിക്കുന്നതിനുമൊക്ക മുഖത്തെ സഹായിക്കുന്നത് ഫേഷ്യൽ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്നത് ഫേഷ്യൽ നെർവുകളാണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു. മുൻപ് സീരിയൽ താരം മനോജിനും ഈ അസുഖം വന്നിരുന്നു.
Comments