റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് കളി പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ച് ആരാധക കൂട്ടായ്മ. ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. വളരെയധികം ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് ആരാധകർ കടന്നു പോയത്. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും കോച്ചിനെ പിന്തുണയ്‌ക്കുമെന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി രംഗത്ത് വരികയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ദിവസമുണ്ടായ സംഭവം മാത്രം കണക്കിലെടുത്തല്ല ഇവാൻ പ്രതികരിച്ചത്. കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ഒരു ആരാധക കൂട്ടായ്മ എന്ന നിലയിൽ ഞങ്ങൾക്ക് പൂർണ ബോധ്യമുണ്ട്. ക്ലബിന് വേണ്ടിയാണ് ഇവാൻ നിലപാടെടുത്തത്. അതിനാൽ തന്നെ അദ്ദേഹം ക്ലബ്ബിന്റെ തലപ്പത്ത് ഇനിയും തുടരണം എന്നാണ് ആവശ്യം. അതിനായി ക്ലബ് പരിശീലനത്തിനൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തെ ബലിയാടാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അതിന് മഞ്ഞപ്പട കൂടെ നിൽക്കില്ല. റഫറിമാരുടെ നിലവാരം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബ്ബുകളും ഈ വിഷയത്തിൽ കൂടുതൽ അനുഭവിച്ചു കഴിഞ്ഞു. ലീഗീന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഒരു അഴിച്ചുപണി തന്നെ വേണ്ടി വരും. എന്നിങ്ങനെയുളള മുന്നറിയിപ്പുകളാണ് കുറിപ്പിലൂടെ പങ്കുവെച്ചത്.
Comments