ഹൈദരാബാദ്: ഭീകരവാദത്തെ നേരിടാൻ സുശക്തമായ പ്രവർത്തനമാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം ചെറുക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച ശക്തമായ നയത്തെയും അമിത് ഷാ ചൂണ്ടിക്കാട്ടി. സിഐഎസ്എഫിന്റെ 54ാംമത് സ്ഥാപനദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ഹൈദരാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ നേരിടാൻ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെല്ലാം അഭിനന്ദനാർഹമാണ്. ഭീകരതയ്ക്കെതിരെയുള്ള സർക്കാരിന്റെ സന്ധിയില്ലാത്ത പോരാട്ടം വരും കാലങ്ങളിലും തുടരും. രാജ്യത്തിനെതിരെയുള്ള വെല്ലുവിളികൾ എൻഡിഎ ഭരണകാലത്ത് സർക്കാർ വിദഗ്ധമായി നേരിട്ടെന്നും അമിത്ഷാ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന എല്ലാ ദേശവിരുദ്ധപ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി കഴിഞ്ഞ ഒൻപത് വർഷത്തെ എൻഡിഎ സർക്കാരിന്റെ ഭരണം എല്ലാ ആഭ്യന്തരസുരക്ഷാപ്രശ്നങ്ങളെയും വിജയകരമായി നേരിട്ടതായും വ്യക്തമാക്കി. കശ്മീരിൽ അടക്കം അക്രമ സംഭവങ്ങൾ കുറഞ്ഞുവരികയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വടക്ക്-കിഴക്ക് പ്രദേശങ്ങളിലും അക്രമണം കുറയുകയും ജനങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ തുടങ്ങിയതായും അമിത് ഷാ പറഞ്ഞു.
Comments