എറണാകുളം: ബ്രഹ്മപുരം വിഷപുകയിൽ ശ്വാസംമുട്ടുകയാണ് നാട്ടുകാർ. നഗരവും പരിസര പ്രദേശങ്ങളും പുകയിൽ നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിലടക്കം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നിരവധി പ്രമുഖരാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇപ്പോഴിതാ, ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്. നാല് വർഷം മുമ്പ് പുറത്തിറങ്ങിയ ഡോക്യുമെന്ററി പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.
നാല് വർഷം മുമ്പ് ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ യഥാർത്ഥ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതിൽ താൻ ഖേദിക്കുന്നുവെന്നാണ് നീരജ് പറയുന്നത്. ഇങ്ങനെയൊരു ഡോക്യുമെന്ററി മലയാളികളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനെ താരം പ്രശംസിക്കുന്നുമുണ്ട്.
“4 വർഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതിൽ ഖേദിക്കുന്നു. നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെ പറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതിൽ ലജ്ജിക്കുന്നു. പ്രതികരിച്ചിരുന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നോ എന്നറിയില്ല. ഈ ഡോക്യുമെന്ററി വൈകിയ വേളയിലും ബ്രഹ്മപുരത്തിന്റെ യഥാർത്ഥ ഭീകരത കാട്ടിത്തരുന്ന ഈ നമ്മൾ മലയാളികൾ എല്ലാവരും ഒന്ന് കണ്ടിരിക്കേണ്ടതാണ്. ഇത് നമ്മളിലേക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനും സംഘത്തിനും ഒരു ബിഗ് സല്യൂട്ട്.”- നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Comments