ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജില്ലാ സെഷൻസ് കോടതിയിലെ സിവിൽ ജഡ്ജാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഖാതൂൻ ജഡ്ജ് സെബാ ചൗധരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.
പാകിസ്താനിലെ തെഹ്രീക്-ഇ -ഇൻസാഫ് പാർട്ടി ചെയർമാനായ ഇമ്രാൻ ഖാൻ ഇന്ന് കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ ചില സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിന് സാധിക്കില്ലെന്ന് വിശദീകരിച്ച ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തിരുന്നു.
എന്നാൽ കേസ് പരിഗണിക്കവെ, ഇമ്രാന്റെ ഹർജി തള്ളിയ കോടതി കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മാർച്ച് 29ന് കോടതിയിൽ ഹാജരാകണമെന്നാണ് ഇമ്രാന് കോടതി നൽകിയിരിക്കുന്ന നിർദേശം. ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആണ് ഇമ്രാൻ ഭീഷണിപ്പെടുത്തിയ സെബ ചൗധരി. വനിതാ ജഡ്ജിയായ ഇവർ ജുഡീഷ്യൽ ഓഫീസറാണെന്ന വിവരം അറിയാതെയാണ് പെരുമാറിയതെന്നായിരുന്നു സംഭവം വിവാദമായതോടെ ഇമ്രാൻ നൽകിയ വിശദീകരണം.
Comments