ഇടയ്ക്ക് തന്നെ പിടികൂടിയ അസുഖങ്ങൾ കൊണ്ട് കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നിന്ന മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്താനുണ്ട്. ഇപ്പോഴിതാ ശ്രീനിവാസനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടന് മണികണ്ഠന് പട്ടാമ്പി. ഒരു ടെലിവിഷന്‍ ചാനലില്‍ വച്ച് ശ്രീനിവാസനെ കണ്ടുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മണികണ്ഠന് പട്ടാമ്പി ഫേസ്ബുക്കിൽ കുറിച്ചു.
”ഒരുപാട് നാളുകൾക്ക് ശേഷം, ഇന്ന് മഴവിൽ മനോരമയിൽ വച്ച് ശ്രീനിവാസൻ സാറിനെ കാണാനിടയായി. കുറച്ച് നേരം പോയി സംസാരിച്ചു. സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയിണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാൻ കഴിയാത്ത എത്രയോ ചിത്രങ്ങൾ കൂടുതൽ മിഴിവാർന്ന് കൺമുമ്പിലൂടെ വന്നും പോയുമിരുന്നു. അദ്ദേഹം സുഖമായിരിയ്ക്കുന്നു. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി.”- മണികണ്ഠന് പട്ടാമ്പി കുറിച്ചു.
ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന കുറുക്കന്, ഷാബു ഉസ്മാന് കോന്നി സംവിധാനം ചെയ്യുന്ന ലൂയിസ് എന്നിവയാണ് ശ്രീനിവാസന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. കുറുക്കനില്‍ വിനീത് ശ്രീനിവാസനും ഒപ്പം അഭിനയിക്കുന്നുണ്ട്. അതേസമയം ലൂയിസ് എന്ന ചിത്രത്തില്‍ ശ്രീനിവാസൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരം കഥാപാത്രത്തെ കാണാനാവുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
Comments