എറണാകുളം: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ പുരസ്കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചതിന് ശേഷമാണ് പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് കളർ പുരസ്കാരം സമ്മാനിച്ചത്. രാജ്യത്ത് ഒരു മിലിട്ടറി യുണിറ്റിന് ലഭിക്കുന്ന എറ്റവും ഉയർന്ന ബഹുമതിയാണ് ‘പ്രസിഡന്റ്സ് കളർ’ പുരസ്കാരം(പ്രത്യേക നാവിക പതാക).
ശേഷം രാത്രി തിരുവനന്തപുരത്തേക്ക് പോകുന്ന രാഷ്ട്രപതി 17-ന് രാവിലെ 9.30-ന് കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിലും പങ്കെടുക്കും. ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്കു തിരിക്കും. അവിടെനിന്ന് 21-ന് 12.30-ന് കൊച്ചിയിൽ എത്തി ഡൽഹിക്ക് മടങ്ങും.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തിയത്. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഇതാദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തുന്നത്. കൊച്ചി വിമാനത്താവളത്തിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ പ്രൗഢഗംഭീരമായി സ്വീകരിച്ചു.
Comments