തൃശൂർ: സ്വന്തം പറമ്പിലിട്ട തീ അയൽക്കാരന്റെ പറമ്പിലേക്ക് കത്തിപ്പടരുന്നത് കണ്ട് 50-കാരൻ കുഴഞ്ഞുവീണു മരിച്ചു. ചേർപ്പ് സ്വദേശി വേലായുധനാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പുതിയ വീട് പണി പൂർത്തിയാക്കിയതിന്റെ ബാക്കിവന്ന അവശിഷ്ടങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. പിന്നാലെ അയൽവാസിയായ ജോസിന്റെ പറമ്പിൽ കാടുപിടിച്ച് കിടക്കുന്ന പുല്ലിലേക്ക് തീ പടർന്നു. തീ ആളി പടരുന്നത് കണ്ട് ബഹളം വെയ്ക്കുകയും ശേഷം കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരേക്കറോളം വരുന്ന സ്ഥലത്തെ പുല്ലാണ് കത്തിനശിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ അണച്ചു. പുകയിൽ ശ്വാസം കിട്ടാത്തതോ ഹൃദയസ്തംഭനമോ ആകാം മരണകാരണം എന്നാണ് പ്രാഥമിക വിവരം.
Comments