തൃശ്ശൂർ: സാധാരണക്കാരന്റെ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന ജവാന് റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ ഒരുങ്ങി ബെവ്കോ. ജവാൻ റം ക്ഷാമത്തിന് പരിഹാരമായാണ് പ്രതിദിന ഉത്പാദനം ഇരട്ടിയിലധികമാക്കാനുള്ള തീരുമാനം. നിലവിലെ പ്രതിദിന ഉത്പാദനമായ 7000 കെയ്സിൽനിന്ന് 15,000 കെയ്സാക്കിയാണ് ഉയര്‍ത്തുക. ഇതിനായി തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ രണ്ട് ലൈൻ കോമ്പൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റാണ് സജ്ജമാക്കിയിരിക്കുന്നത്. 700 രൂപ വിലവരുന്ന ജവാൻ പ്രിമിയം ബ്രാൻഡും ഏപ്രിൽ പകുതിയോടെ വിപണിയിലിറക്കാനാണ് പദ്ധതി. നിലവില്‍ ഒരു ലിറ്റര്‍ ബോട്ടിലിന് 610 രൂപയാണ് വില.
ബെവ്കോയുടെ പാലക്കാട്, മലബാര്‍ ഡിസ്റ്റിലറീസും റം ഉത്പാദനം തുടങ്ങാനാണ് സാധ്യത. എന്നാൽ പുതിയ ബ്രാൻഡിന്റെ പേരോ വിലയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് യൂണിറ്റുകളും പ്രവർത്തന സജ്ജമാവുന്നതോടെ സംസ്ഥാനത്ത് വിലകുറഞ്ഞ റമ്മിന്റെ പകുതി ഉത്പാദനവും ബെവ്കോയുടെ പേരിലാകും.
കഴിഞ്ഞകാലങ്ങളായി ട്രാവൻകൂർ ഷുഗേഴ്സിൽ തൊഴിലാളി സമരം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. തൊഴിലാളി സമരത്തെ തുടർന്ന് കരാർ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ എടുത്തിരിക്കുന്നത്. നിലവിൽ കുടുംബ ശ്രീ പ്രവർത്തകരാണ് ട്രാവൻകൂർ ഷുഗേഴ്സിലെ തൊഴിലാളികൾ. ഈ സാഹചര്യത്തിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ സാധ്യത കുറവാണ്.
Comments