ബെംഗളൂരു: ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണ്ണാടകയിൽ പ്രസംഗിക്കവെയാണ് അമിത് ഷായുടെ പരാമർശം. കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിച്ചാലും അവർക്ക് അഴിമതിയുടെ ചരിത്രമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് എക്കാലവും ദളിതരെയും ആദിവാസികളെയും തരംതാഴ്‌ത്തുകയാണെന്നും ഇന്ത്യാ വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ജാതിയധിക്ഷേപത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വയനാട് എംപി സ്ഥാനത്ത് നിന്ന് രാഹുലിനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിനെതിരെ അമിത് ഷായുടെ പരാമർശം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.
Comments