സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന തമിഴ് ചിത്രമാണ് ‘തമിഴരശൻ.’ വിജയ് ആന്റണിയാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. നടി രമ്യ നമ്പീശനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പല കാരണങ്ങളാൽ പുറത്തിറങ്ങാൻ വൈകിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ 14-ാണ് ചിത്രം പ്രദർശനത്തിനെത്തുക.
രമേശ് ബാലയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ബാബു യോഗേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എസ് കൗസല്യ റാണിയാണ്. ആർ ഡി രാജശേഖർ എഎസ്സി-യാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം.
‘മേ ഹൂം മൂസ’യാണ് സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ-യാണ് സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തു വരാനുള്ള മലയാള സിനിമ. കളിയാട്ടത്തിന് ശേഷം വീണ്ടും തെയ്യ പശ്ചാത്തലത്തിൽ ജയരാജ് ഒരുക്കുന്ന ഒരു പെരുങ്കളിയാട്ടം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ.
Comments